തരിശിട്ട പാടങ്ങളിൽ വിളയാതെ പോയത്
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദമായ തർക്കത്തിലേർപ്പെടാൻ തിരഞ്ഞെടുപ്പുകാലം കഴിഞ്ഞ് കിട്ടുന്ന ഒരു സന്ദർഭമാണ് ലോകകപ്പ് ഫുട്ബോൾ. ആ സീസണും അവസാനിക്കാൻ പോവുകയാണ്. പല പ്രമുഖ ടീമുകളും കളമൊഴിഞ്ഞുകഴിഞ്ഞു. അവരുടെ നിരാശരായ ആരാധകരെല്ലാം നിശബ്ദരായി. പടുകൂറ്റൻ ഫ്ലക്സുകൾ പലതും കവലകളിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. പൊതുവെ അപഹസിക്കപ്പെടാറുള്ളതുപോലെ മഴയിൽ കോഴിക്കൂടുകൾക്കോ ഷെഡ്ഡുകൾക്കോ മേൽവിരിപ്പുകളായോ, വെയിലിൽ കൊണ്ടാട്ടമോ ധാന്യങ്ങളോ ഉണക്കാനുള്ള തറവിരിപ്പുകളായോ മാറുക എന്ന ദൗത്യമേറ്റെടുക്കാനായി അവ ചുരുട്ടിവെയ്ക്കപ്പെട്ടു കഴിഞ്ഞു.
തോറ്റാലും ജയിച്ചാലും ഫുട്ബോൾ തർക്കം തുടരാൻ മലയാളികളെ എക്കാലവും പ്രചോദിപ്പിക്കുന്ന രണ്ട് പ്രമുഖ ടീമുകളാണ് ബ്രസീലും അർജന്റീനയും. ഭൂഗോളത്തിന്റെ മറ്റൊരറ്റത്ത് കിടക്കുന്ന ലാറ്റിനമേരിക്കയുമായി അല്ലെങ്കിലും മലയാളികൾക്ക് പണ്ടേ ഒരു ‘ഇദുണ്ട്’. പ്രത്യേകിച്ചും എഴുപതുകളിലെ ലിറ്റിൽ മാഗസിൻ കാലം മുതൽ. തൊട്ടടുത്ത പഞ്ചായത്തിനെക്കാൾ ലാറ്റിനമേരിക്കൻ രാജ്യങ്ങളെ അറിയാമെന്ന് കരുതിയിരുന്ന ഒരു തലമുറയിലെ യുവാക്കളെ മാർക്വസും യോസയും നെരൂദയും ബോർഹസും നിക്കനോർ പാർറയുമൊക്കെ മലയാളി എഴുത്തുകാരെപ്പോലെത്തന്നെ ബാധിച്ചിരുന്നു. സാംസ്കാരികകേരളത്തിനെന്ന പോലെ കായികകേരളത്തിനും കാൽപ്പന്തുകളിയുടെ ഈ വസന്തഭൂമി ഊർജം പകർന്നു.
ഗയാനയും സുറിനാമും വെനിസ്വേലയുമൊഴിച്ചുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളെല്ലാം ഫുട്ബോൾ ലോക കപ്പ് കളിച്ചിട്ടുണ്ട്. കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിലെ പരമ്പരാഗതവൈരികളായ ബ്രസീലിനും അർജന്റീനയ്ക്കുമിടയിൽ കൊയ്തൊഴിഞ്ഞ പാടത്ത് താൽക്കാലിക ഗോൾപോസ്റ്റുകളായി വെച്ച രണ്ടു ഉരുളൻകല്ലുകളെപ്പോലെ കിടക്കുന്ന ഉരുഗ്വേയും പരാഗ്വേയും പോലുമുണ്ട് അതിൽ. പുറമെ നെരൂദയുടേയും നിക്കനോർ പാർറയുടേയും ചിലിയും മാർക്വസിന്റെ കൊളംബിയയും ഇക്വഡോറും പെറുവും ലോകകപ്പ് യോഗ്യരായ രാജ്യങ്ങളിൽ ഉൾപ്പെടും.
ലാറ്റിനമേരിക്കൻ ഫുട്ബോളിനെ ഒരു വികാരമായി കൊണ്ടുനടക്കുന്ന മലയാളികൾക്ക് ഭാരതമെന്ന പേരുകേട്ട് അന്തരംഗം അഭിമാനപൂരിതമാവാൻ നിവൃത്തിയില്ലാത്തതു കൊണ്ടാവണം ബ്രസീൽ, അർജന്റീന എന്നൊക്കെ ഞരമ്പുകളിൽ ചോര തിളയ്ക്കുന്നത്. വാട്സപ്പ് ഗ്രൂപ്പുകളിലും സമൂഹമാദ്ധ്യമങ്ങളിലും ഈ ആരാധകർക്കിടയിലെ വെല്ലുവിളികളും വാഗ്വാദങ്ങളും അധിക്ഷേപങ്ങളുമൊക്കെ കാണുമ്പോൾ ഒമ്പതാം ക്ലാസിലെ കേരളപാഠാവലിയിൽ പഠിച്ച ഒരു കഥയോർത്തു. ഉറൂബിന്റെ 'അഭിപ്രായഭേദം'.
അഭിപ്രായഭേദമാണല്ലോ പണ്ടുതൊട്ടേ നമുക്ക് ഊർജം തരുന്ന ഒരു പൊട്ടൻഷ്യൽ. കഥയിലാവട്ടെ അത് കഥാകൃത്തിനോടൊപ്പം ഒരു പാസഞ്ചർ ട്രെയിനിൽ സഞ്ചരിക്കുന്ന കണ്ണപ്പൻനായരും കിട്ടുണ്ണിക്കുറുപ്പും തമ്മിലുള്ള സംഭാഷണത്തിലെ ഒരു വിയോജിപ്പിൽ നിന്ന് തുടങ്ങുന്നതാണ്. തന്റെ നാട്ടിലെ കാന്ത്രാട്ടു മനക്കാർക്ക് ഒന്നര ലക്ഷം പറ നെല്ല് പാട്ടമായി കിട്ടുന്നുണ്ടെന്ന് കണ്ണപ്പൻനായരുടെ ഒരു ചോദ്യത്തിന് ഉത്തരമായി കിട്ടുണ്ണിക്കുറുപ്പ് പറയുന്നതിൽ നിന്നാണ് തുടക്കം. അത്രയ്ക്കൊന്നുമുണ്ടാവില്ല, കൂടിയാൽ എഴുപത്തയ്യായിരം എന്ന് കണ്ണപ്പൻനായർ. എന്തിനേറെപ്പറയുന്നു, വിയോജിപ്പ് വളർന്ന് തർക്കമായി, സംഘർഷമായി, അടികലശലായി. കിട്ടുണ്ണിക്കുറുപ്പ് ക്ഷുഭിതനായി ഷൊർണൂരിൽ ഇറങ്ങിപ്പോവുന്നതു വരെ അത് തുടർന്നു. ഈ രണ്ടു പേർക്കും സ്വന്തമായി വല്ല കൃഷിയുമുണ്ടോ എന്നത് സംശയമാണു താനും!
വാട്സപ്പ് ഗ്രൂപ്പുകളിൽ തർക്കം തുടരുന്ന ബ്രസീൽ, അർജന്റീന ആരാധകർ ഷൊർണൂരിലിറങ്ങിയ കിട്ടുണ്ണിക്കുറുപ്പിനെ പോലെ എക്സിറ്റടിച്ചുപോയാലും കേരളത്തിലെ പ്രശ്നമവസാനിക്കില്ല. തരിശിട്ട പാടങ്ങളിൽ പോലും ഒരു പറയ്ക്കുള്ള ഫുട്ബോൾ കൃഷി നമുക്ക് സ്വന്തമായുമില്ല !
- നിരഞ്ജൻ ടി ജി


No comments:
Post a Comment