Kumbalam Chacko writes the history of
THE BANK OF COHIN LTD
I had joined The Bank of Cochin Ltd as an Executive Trainee
on 16 September 1975. Amalgamation in 1985 took me to
State Bank of India.
The Bank of Cochin Ltd was a good bank. They took good care of us.
It is an integral part of our being. We can never forget it.
*THE BANK OF COCHIN LTD*
*Established 1928*
ഈ ഫോട്ടോകൾക്ക് താഴെ കൊടുത്തിരിക്കുന്ന ബാങ്ക് ഓഫ് കൊച്ചിന്റെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കണമെന്ന് വിനയപുരസ്കരം അഭ്യർത്ഥിക്കുന്നു.
1. 1928 ൽ ബാങ്ക് ഓഫ് കൊച്ചിൻ പിറന്ന ഭവനം.
2. 1985 ൽ ബാങ്ക് ഓഫ് കൊച്ചിനിൽ മൊറൊട്ടോറിയം ഏർപ്പെടുത്തിയപ്പോൾ ബാങ്കിന്റെ ആസ്ഥാന മന്ദിരം.
കുമ്പളം ചാക്കോ.
HISTORY OF THE BANK OF COCHIN LTD
1982 മുതൽ മൂന്നുവർഷക്കാലം കേരളത്തിലെ പ്രശസ്ത ബാങ്ക് ആയ ബാങ്ക് ഓഫ് കൊച്ചിനിൽ ( ബ്രോഡ് വേ ശാഖയിൽ)ജോലി ചെയ്യുവാനുള്ള മഹാഭാഗ്യം ലഭിച്ച ഒരു വ്യക്തി എന്ന നിലയിൽ, ബാങ്ക് ഓഫ് കൊച്ചിൻ എന്ന മഹത് സ്ഥാപനം നിലച്ചിട്ട് 40 വർഷങ്ങൾ പൂർത്തീകരിക്കുന്ന ഈ വേളയിൽ ബാങ്ക് ഓഫ് കൊച്ചിന്റെ ചരിത്രവും, ബാങ്ക് ഓഫ് കൊച്ചിൻ പടുത്തുയർത്താൻ ശ്രമിച്ച് പരലോകത്തിലെത്തിയവരെയും അനുസ്മരിക്കാൻ ഈ ചരിത്ര ലേഖനത്തിലൂടെ ഞാൻ ശ്രമിക്കുകയാണ്. ഈ മഹത് സ്ഥാപനത്തിൽ എനിക്ക് ജോലി നേടിത്തരുവാൻ ശുപാർശ ചെയ്ത മുൻ ഡയറക്ടർ Dr. A. K. Chacko, ബ്രോഡ് വേ ബ്രാഞ്ചിലെ മാനേജർ ആയിരുന്ന ശ്രീ. K. M. Cherian എന്നിവരുടെ ഓർമ്മകൾക്കു മുമ്പിൽ എന്റെ ശിരസ്സ് നമിക്കുന്നു.
ഈ സ്ഥാപനത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ച് മരിച്ചുപോയ എല്ലാവർക്കും വേണ്ടി ഈ അവസരത്തിൽ പ്രത്യേകം പ്രാർത്ഥിക്കുന്നു. ബാങ്ക് ഓഫ് കൊച്ചിനിൽ ജോലി ചെയ്ത് -ഇന്നും ജീവിച്ചിരിക്കുന്ന ബഹുമാന്യരായ എല്ലാ സുഹൃത്തുക്കൾക്കും, ഇതു വായിക്കുന്ന എല്ലാ വായനക്കാർക്കും മുമ്പാകെ ബാങ്ക് ഓഫ് കൊച്ചിന്റെ ഈ ചരിത്രപരരേഖ സദയം സമർപ്പിക്കുന്നു. ഒരുപക്ഷേ ബാങ്ക് ഓഫ് കൊച്ചിന്റെ മൊറോട്ടോറിയത്തിനുശേഷം ആദ്യമായി എഴുതപ്പെടുന്ന ഒരു ചരിത്രരേഖ ആയിരിക്കാം ഇത്.
എന്നിൽ കൂടുതൽ കഴിവുകളുള്ളവരും, അറിവുള്ളവരും ഇതിനെ ആധാരമാക്കി കൂടുതൽ ആധികാരിക വിവരണങ്ങളോടെ, വിവിധ ഭാഷകളിൽ ബാങ്കിന്റെ ചരിത്രരേഖകൾ എഴുതുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.കുറെ നാളുകളായി ബാങ്ക് ഓഫ് കൊച്ചിന്റെ ചരിത്രം എഴുതണം എന്ന ചിന്ത ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നു. 1985 നു ശേഷം ജനിച്ചവർക്കും, കേരളത്തിന്റെയും പ്രത്യേകിച്ച് കൊച്ചിയുടെയും ബാങ്ക് ആയിരുന്നു കൊച്ചിൻ ബാങ്കിന്റെ ഈ വിവരണം ഉപകാരപ്പെടണം എന്നൊരാഗ്രഹം കൂടി ഇതിനു പിന്നിലുണ്ട്.
05.07.2025, ബാങ്ക് ഓഫ് കൊച്ചിനിലെ ജീവനക്കാരനും, ബാങ്കിനെ ഉന്നതിയിലേക്ക് നയിച്ച യശ:ശരീരനായ K. M. തരിയൻ സാറിന്റെ ബന്ധവുമായ വിനോദ് ജോസഫിന്റെ മകളുടെ വിവാഹ നിശ്ചയദിനം. ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ഇടപ്പള്ളി തോപ്പിൽ പള്ളിയുടെ പാരിഷ് ഹാളിൽ പഴയ കുറച്ച് സുഹൃത്തുക്കളെ കാണുവാനും, ക്ഷേമ അന്വേഷണങ്ങൾ നടത്തുവാനും സാധിച്ചു. ആ തിരക്കിൽ ഞാനൊരു വ്യക്തിയുമായി നയനങ്ങൾ വഴി ഓർമ്മ പുതുക്കാൻ ശ്രമിച്ചു. രണ്ടുപേർക്കും മനസ്സിലായില്ല. ഞങ്ങളുട കണ്ണുകൾ അങ്ങനെ ഉടക്കി നിൽക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് എന്ന് ചോദിച്ചു. എവിടെയോ കണ്ടു പരിചയം ഉള്ളതുപോലെ. അദ്ദേഹം മറുപടി പറഞ്ഞു, ഞാൻ വിനോദിന്റെ കസിനാണ്.പിന്നെ എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. ആ വ്യക്തി K. M. തരിയൻ സാറിന്റെ മകൻ മനോജ് ആയിരുന്നു. തരിയൻ സാറിന്റെ ഭാര്യ മേരിക്കുട്ടി പെങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയിൽ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ആ സമയത്താണ് മനോജിനെ പരിചയം. സംഭാഷണത്തിനിടയിൽ ബാങ്ക് ഓഫ് കൊച്ചിന്റെ എന്തെങ്കിലും ചരിത്രമോ, ചരിത്രരേഖകളോ കിട്ടാൻ വല്ല വഴിയുണ്ടോ എന്ന് മനോജ് എന്നോട് ചോദിച്ചു.
ഞാൻ പറഞ്ഞു, കുറച്ച് പേപ്പർ ന്യൂസുകളും,മറ്റും കൈയിലുണ്ട്. അത് വെച്ച് ബാങ്കിന്റെ ചരിത്രമെഴുതാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ഇത് കേട്ട് കൂടെയുണ്ടായിരുന്ന ശ്രീ. ജോസഫ് പാലക്കൽ എന്നെ പിന്താങ്ങി പറഞ്ഞു. ഇവൻ നന്നായിട്ട് എഴുതാറുണ്ട്, ഇവനത് ചെയ്തുകൊള്ളും. ആ സപ്പോർട്ട് പെട്ടെന്ന് ഇത് എഴുതി പൂർത്തിയാക്കാൻ എനിക്ക് ഉത്തേജനം നൽകി. കാലയവനികയിൽ മറഞ്ഞ എന്റെ ഭാര്യപിതാവും, മുൻ ബാങ്ക് ഓഫ് കൊച്ചിൻ ജീവനക്കാരനും ആയിരുന്ന ഒ. പി. സ്റ്റീഫൻ അവറുകൾ ഭദ്രമായി സൂക്ഷിച്ചിരുന്നതും, എന്നാൽ ഇപ്പോൾ കാലപ്പഴക്കത്താൽ ജീർണിച്ചതുമായ കുറച്ച് പേപ്പർ റിപ്പോർട്ടുകൾ എല്ലാം പെറുക്കി കൂട്ടി ഇതിനുള്ള ശ്രമം ആരംഭിച്ചു.
ബാങ്ക് ഓഫ് കൊച്ചിന്റെ ഉത്ഭവ ചരിത്രം
1928 -ൽ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനവും, കേരളത്തിന്റെ വ്യവസായിക കേന്ദ്രവും, കൊച്ചി തുറമുഖത്തിന്റെ ഗേറ്റ് വേയുമായ എറണാകുളം പട്ടണത്തിൽ കൊച്ചി കേന്ദ്രീകരിച്ച് സ്വകാര്യ മേഖലയിൽ ഒരു ബാങ്കിംഗ് സ്ഥാപനം വിഭാവനം ചെയ്തുകൊണ്ട് സുഭഗ സ്മരണാർത്ഥനായ ശ്രീ. പി.ജെ.മാത്തൻ( കുമ്പളത്തിന്റെ അഭിമാനമായ പോളപ്പറമ്പിൽ മാത്തൻ വക്കീൽ ) അദ്ദേഹത്തോട് ആത്മാർത്ഥമായി സഹകരിച്ചുകൊണ്ട് ഈ ബാങ്കിംഗ് സ്ഥാപനത്തെ താലോലിച്ചു വളർത്തിയ കൊച്ചി ഹൈക്കോടതി ജഡ്ജി വി.ഡി.ഔസേപ്പ്, ശ്രീമാന്മാർ.പോൾ മാമ്പിള്ളി, റാവു സാഹിബ്, സിജെ മാത്യു, വ്യവസായ പ്രമുഖനായിരുന്ന പീറ്റര്‍ വളവി, പുതുകാര്യ പ്രസക്തനായിരുന്ന ശ്രീ.കുരുവിള കട്ടിക്കാരൻ, മുൻസിപ്പൽ കൗൺസിലർ ആയിരുന്ന സി.ജെ. ജേക്കബ്, കത്തോലിക്ക സമുദായത്തിന്റെ മുന്നണി നേതാവായിരുന്ന ഷെവലിയാർ തരിയതു കുഞ്ഞിത്തൊമ്മൻ തുടങ്ങിയവരുടെ പേരുകൾ ബാങ്ക് ഓഫ് കൊച്ചിന്റെ ചരിത്രത്തിൽ തങ്ക ലിപികളിൽ ആലേഖനം ചെയ്യപ്പെടേണ്ടവയാണ്.
അതുപോലെ അവിസ്മരണാർഹരായ വ്യക്തികളിൽ ഒരാളാണ് ഈ ബാങ്കിംഗ് സ്ഥാപനത്തെ സ്വന്തം എന്നപോലെ കരുതി സമുദായ പ്രമുഖരുടെ മുമ്പാകെ അവതരിപ്പിച്ച് അവരുടെ സമ്പൂർണ്ണ പിന്തുണ സമാർജിച്ചു പ്രധാനം ചെയ്ത എറണാകുളം ആർച്ച് ബിഷപ്പ് മോസ്റ്റ്. റവ. ഡോക്ടർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനി. അദ്ദേഹത്തിന്റെ ധാർമിക പിന്തുണയായിരുന്നു കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും വിശ്വാസ സഹകരണങ്ങൾ ബാങ്ക് ഓഫ് കൊച്ചിന് സംലബ്ധമാകാൻ സഹായിച്ചത്. പ്രാരംഭ കാല പ്രവർത്തകർ ഇദ്ദേഹത്തെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു.രക്ഷാധികാരിയും, ഡയറക്ടർമാരും കൂടി രൂപംകൊടുത്ത ഈ ബാങ്കിംഗ് സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനം കാര്യക്ഷമമായി നടത്തിയിരുന്നതും അതിന്റെ വളർച്ച സുഗമമാക്കിയിരുന്നതും ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിൽ ദീർഘകാലം സേവനം ചെയ്ത ശ്രീ. പി. ജെ. സിറിയക് പുത്തരിക്കൽ ആയിരുന്നു.
ഗവൺമെന്റ് നടത്തുന്നതോ, വിദേശികൾ നടത്തുന്നതോ ആയ ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് അല്ലാതെ ഫോറിൻ എക്സ്ചേഞ്ച് അനുവദിക്കാതിരുന്ന കാലഘട്ടത്തിൽ ശ്രീ. പി. ജെ. സിറിയക്കിന്റെ ചതുരവും,വിദഗ്ധവുമായ നേതൃത്വം ഒന്നു കൊണ്ടാണ് 1929 മുതൽ തന്നെ വിദേശ നാണ്യ വിനിമയത്തിനുള്ള ലൈസൻസ് കരസ്ഥമാക്കാൻ സാധിച്ചു. ഈ ലൈസൻസ് ലഭിച്ച പ്രഥമ ബാങ്ക് ആണ് ബാങ്ക് ഓഫ് കൊച്ചിൻ. ഇതേത്തുടർന്ന് ബാങ്കിന്റെ പുരോഗതി അസൂയ വഹാമായിരുന്നു.
വിമാനവും, കപ്പലും, തീവണ്ടിയും, ബസ്സും, ബോട്ടും, വഞ്ചിയും എല്ലാ വാഹന സൗകര്യങ്ങളും തൊട്ടുമുറ്റത്തുള്ള ലോകത്തിലെ അപൂർവ സ്ഥലങ്ങളിൽ ഒന്നായ വില്ലിങ്ടൺ ഐലൻഡിൽ ബാങ്ക് ഓഫ് കൊച്ചിന്റെ പ്രഥമ ശാഖ 1940 ൽ സ്വന്തം കെട്ടിടത്തിൽ ആരംഭിച്ചു. 1862 ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച പ്രസിഡൻസി ബാങ്ക്- 1921ൽ ഇംപീരിയൽ ബാങ്ക് ആയി തൊട്ടു പടിഞ്ഞാറേക്കരയായ ഫോർട്ട് കൊച്ചിയിൽ നമ്മുടെ ഈ കൊച്ചു ബാങ്കിനെ നോക്കി സ്ഥിതിചെയ്യുന്നുണ്ടായിരുന്നു.
ഡയറക്ടർമാരുടെ ദീർഘദൃഷ്ടിയും, തൊഴിലാളികളുടെ നിസ്വാർത്ഥമായ അർപ്പണബോധവും, വിശ്വസ്തതയും,അതേ അളവിൽ തന്നെ ഇടപാടുകാരുടെയും, അഭ്യുദായകാംക്ഷികളുടെയും ഹൃദയംഗമമായ സഹകരണവും- ബാങ്കിന്റെ അനുശ്രിതമായ വളർച്ചയെ ത്വരിതപ്പെടുത്തി.1944 ൽ മാർക്കറ്റ് റോഡിലെ കുടിലിൽനിന്ന് വ്യവസായ കേന്ദ്രമായ ബ്രോഡ് വേയുടെ ഹൃദയഭാഗത്ത് അന്നത്തെ കായലിനോട് ചേർന്ന് ദിവാൻ ആർ.കെ.ഷണ്മുഖം ചെട്ടി അനുവദിച്ചു നൽകിയ സ്ഥലത്ത് കൊട്ടാര സദൃശ്യമായ ബിൽഡിംഗ് പണിത് ബാങ്കിന്റെ പ്രവർത്തനം അതിലേക്ക് മാറ്റി. ദീർഘകാലം ഹെഡ് ഓഫീസും, ബ്രോഡ് വേ ബ്രാഞ്ചും ഒരുമിച്ചു ഇവിടെ പ്രവർത്തിച്ചു.
1955 -60 കാലഘട്ടം കേരളത്തിലെ സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങൾ ഭയചകിതരായി കഴിഞ്ഞ കാലമായിരുന്നു. സർ സി. പി.രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാൻ ആയിരുന്ന കാലത്ത് ചില പ്രൈവറ്റ് ബാങ്കുകൾ തകരുകയോ, തകർക്കപ്പെടുകയോ ചെയ്ത കാര്യം ഈ ഘട്ടത്തിൽ സ്മരണീയമാണ്. 1960ൽ പ്രശസ്തമായ പാലാ സെൻട്രൽ ബാങ്ക് ഉൾപ്പെടെ ചില പടുകൂറ്റൻ ബാങ്കിംഗ് സ്ഥാപനങ്ങൾ ലിക്യുഡേറ്റ് ചെയ്യപ്പെടുകയും, പല ചെറുകിട ബാങ്കുകൾ അമാൽഗമേറ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോൾ സ്വകാര്യ ബാങ്കുകളിൽ ആത്മവിശ്വാസവും ആ ബാങ്കുകളിൽ ജനങ്ങൾക്കുള്ള ബോധ്യവും നഷ്ടപ്പെട്ടു.
മഹാ മരങ്ങൾ മറിഞ്ഞുവീഴുന്ന കൊടുങ്കാറ്റിൽ എങ്ങനെ ഒരു ചെറു മരം ശാഖകൾ വിടർത്തി ഉയർന്നുനിൽക്കും എന്ന് ബാങ്ക് ഓഫ് കൊച്ചിനെ നോക്കി പലരും ചോദിച്ചു പോയി. എന്നാൽ അത്തരം ചോദ്യങ്ങളും സംശയങ്ങളും അസ്ഥാനത്താണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ ബാങ്ക് ഓഫ് കൊച്ചിന്റെ കരുത്തുറ്റ സാരഥികൾക്കും,കഴിവുറ്റ ഉദ്യോഗസ്ഥന്മാർക്കും സാധിച്ചു എന്നത് അത്ര നിസ്സാരമായി കരുതാവുന്ന കാര്യമല്ല. ആ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ബാങ്ക് ഓഫ് കൊച്ചിന്റെ അമരക്കാരൻ ആയിരുന്ന ശ്രീമാൻ. പി. ജെ. സിറിയക് സർവധാ അനുമോദനാർഹനാണ്.ബാങ്കിന്റെ അനുക്രമമായ വികസനം കൂടുതൽ ശക്തിയാർജിക്കുന്നത് 1959 നു ശേഷമാണ്. തുടർന്നുള്ള കുറച്ചു വർഷത്തിനുള്ളിൽ ബാങ്കിന്റെ ശാഖകളുടെ എണ്ണം ഗണ്യമായ തോതിൽ വർദ്ധിച്ചു. മറ്റു ബാങ്കുകളെ അമ്പരപ്പിച്ചുകൊണ്ട് ബാങ്കിംഗ് വ്യവസായത്തിൽ കൊച്ചിൻ ബാങ്ക് തല ഉയർത്തി നിന്നു.
1961 ൽ നയതന്ത്രജ്ഞനും, അനുഭവസമ്പന്നമായ ശ്രീമാൻ. കെ.എം.തരിയൻ(B.com, A. C. A)അവറുകൾ ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ആരോഹണം ചെയ്തതോടെയാണ് ബാങ്ക് ഓഫ് കൊച്ചിൻ വെന്നിക്കൊടി പാറിച്ചു കൊണ്ടുള്ള അതിന്റെ ജൈത്രയാത്ര തുടരുന്നത്.1961 നും 1976 നും മധ്യ ഒന്നര ദശാബ്തകാലം കൊണ്ട് കേരളത്തിന് അകത്തും,പുറത്തുമായി ബാങ്ക് 57 പുതിയ ബ്രാഞ്ചുകൾ തുറന്നു. ബാങ്ക് ഓഫ് കൊച്ചിന്റെ ആരോഗ്യകരമായ വളർച്ച കണ്ട് മനംകുളിർത്ത റിസർവ് ബാങ്കിന് ബാങ്ക് ഓഫ് കൊച്ചിനെ ഷെഡ്യൂൾ ബാങ്ക് ആക്കി ഉയർത്താൻ തീരുമാനിച്ചു. 1977 ൽ ഷെഡ്യൂൾ ബാങ്ക് ആയ വർഷം 19 പുതിയ ബ്രാഞ്ചുകൾ തുറക്കാൻ സാധിച്ചു.
1978 ഗോൾഡൻ ജൂബിലി വർഷം.
ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട് ജൂബിലി വർഷത്തിന് ചെയർമാൻ കെ.എം. തരിയൻ അവറു കൾ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. ജൂബിലി വർഷത്തിന്റെ ഓർമ്മ എന്നും നിലനിൽക്കുവാൻ കടലിന്റെ ആരവത്തെ നെഞ്ചിലേറ്റിയ കായലിനോട് ചേർന്ന് നിൽക്കുന്ന ഷണ്മുഖം റോഡിൽ ബാങ്കിന്റെ ആസ്ഥാനമന്ദിരത്തിന് ശിലാസ്ഥാപനം നടത്തി.
1978- ആഗസ്റ്റ് മാസം ആറാം തീയതി.
ബാങ്ക് ഓഫ് കൊച്ചിനെ അപകടങ്ങൾ കടത്തി മുൻനിര ബാങ്ക് ആയി വളർത്തിയ കുശാഗ്ര ബുദ്ധിയുടെ ഉടമ, ചെയർമാൻ ശ്രീ.കെ. എം.തരിയൻ- താൻ തുടങ്ങിവച്ച പരിപാടികൾക്ക് സമാപനം കുറിക്കാൻ കാത്തുനിൽക്കാതെ ആകസ്മികമായ വേർപാടിലൂടെ - ആ ദീപം അണഞ്ഞു. തുടർന്ന് പ്രൊഫസർ. എം.വി. വർഗീസ് അവറുകൾ തേരോടിക്കാൻ ആക്ടിംഗ് ചെയർമാനായി ചുമതലയേറ്റു.
സുവർണ്ണ ജൂബിലി ആഘോഷങ്ങൾ
ശ്രീ. എം. വി. വർഗീസിന്റെ നേതൃത്വത്തിൽ 1979 ഫെബ്രുവരി 11 ഞായറാഴ്ച വൈകുന്നേരം 4.30ന് എറണാകുളം ടൗൺ ഹാളിൽ വച്ച് സുവർണ്ണ ജൂബിലി ആഘോഷം കൊണ്ടാടി. ബഹു. കേരള ഗവർണർ ആയിരുന് ശ്രീമതി ജ്യോതി വെങ്കിടാചലം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഈ മഹാ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് കാർഡിനൽ ജോസഫ് പാറേക്കാട്ടിൽ തിരുമേനി ആയിരുന്നു.
കൊച്ചി ബിഷപ്പ് ഡോക്ടർ ജോസഫ് കുരീത്തറ, കേരളത്തിന്റെ ആഭ്യന്തരമന്ത്രി ശ്രീ. കെ. എം. മാണി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.സി.എച്ച്. മുഹമ്മദ് കോയ, കൃഷിവകുപ്പ് മന്ത്രി ശ്രീ. എ. എൽ.ജേക്കബ്, ഹരിജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ദാമോദരൻ കാളശ്ശേരി, കൊച്ചി മേയർശ്രീ. എ.കെ. ശേഷാദ്രി എന്നിവരുടെ സാന്നിധ്യം കൊണ്ട് വേദി സമ്പന്നമായിരുന്നു. സമ്മേളനാനന്തരം കൊഴുപ്പേറിയ വിവിധ കലാപരിപാടികളും അരങ്ങേറി.
ജൂബിലി വർഷത്തിൽ ആഴത്തിൽ വലയെറിയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ വ്യവസായ ഹൃദയമായ ബോംബെ നഗരത്തിൽ പുതിയ ശാഖ ആരംഭിച്ചു. ഇതിനുമുമ്പ് 1976 ൽ കേരളത്തിന് പുറത്തുള്ള ശാഖകൾ കോയമ്പത്തൂരിലും, മദ്രാസത്തിലും സ്ഥാപിച്ചു.ബാങ്കിലെ ഓഫീസർമാർക്കും, സ്റ്റാഫിനും പരിശീലനം നൽകുന്നതിന് വേണ്ടി എറണാകുളത്ത് ഒരു ട്രെയിനിങ് കോളേജ് ബാങ്ക് സ്വന്തമായി സ്ഥാപിക്കുകയുണ്ടായി. ഈ കാലയളവിൽ ബാങ്കിന് സ്ഥിരം ചെയർമാനായി ശ്രീ ഇ കെ ആൻഡ്രൂസ് അവറുകൾ ചുമതലയേറ്റു. ഭാരതത്തിലെ ബാങ്ക് സമൂഹത്തിൽ രാഷ്ട്രത്തിന്റെ സാമൂഹിക,സാമ്പത്തിക മേഖലകളിൽ ഉന്നത സ്ഥാനം ബാങ്ക് ഓഫ് കൊച്ചിൻ ഇതിനകം കരസ്ഥമാക്കി.
ജൂബിലി വർഷത്തിന്റെ സ്മരണക്കായി പണികഴിപ്പിച്ച മറൈൻഡ്രൈവിലെ പ്രഥമ 12 നില കെട്ടിടവും, എറണാകുളത്തെ ഏറ്റവുംഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നുമായ ബാങ്കിന്റെ ആസ്ഥാനം മന്ദിരത്തിന്റെ ഉദ്ഘാടനം 1982 ജനുവരി 31ന് ഭാരതത്തിന്റെ ബഹുമാനപ്പെട്ട പ്രസിഡന്റ്. ശ്രീ. നീലം സജീവ് റെഡി അവറുകൾ നിർവഹിച്ചു. അറബിക്കടലിന്റെ വിരിമാറിലേക്ക് കണ്ണു നട്ടു നിൽക്കുന്ന ബാങ്കിന്റെ കെട്ടിടം ഒരു നോക്ക് കാണാൻ സമീപ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴുകിയെത്തി.
ബാങ്ക് വീണ്ടും പൂർവാധികം ശക്തിയോടെ കുതിച്ചുയർന്നുകൊണ്ടിരുന്നു. എന്നാൽ ആ കുതിപ്പ് അധിക നാൾ തുടരാൻ സാധിച്ചില്ല. എവിടെയോയല്ലാം കുഴപ്പങ്ങൾ സംഭവിക്കാൻ തുടങ്ങി. ബാങ്കിന്റെ കുതിപ്പിൽ കിതപ്പ് അനുഭവപ്പെട്ടു. വഴിവിട്ട വായ്പകൾ നൽകിയതിലൂടെ ചെയർമാൻ ശ്രീ.ഇ. കെ. ആൻഡ്രൂസ് തലസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടു. പുതിയ ചെയർമാനായി ഡയറക്ടർ ഇൻ ചാർജ് പദവിയിൽ ശ്രീ. യു. ജെ. തരിയൻ അവറുകൾ അധികാരം ഏറ്റു. അദ്ദേഹം ബാങ്കിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാൻ പരിശ്രമിച്ചു.
ബാങ്കിലെ ക്രമക്കേടുകളെ തുടർന്ന് റിസർവ് ബാങ്കിന്റെ കടുത്ത നിരീക്ഷണത്തിൽ ബാങ്ക് മുന്നോട്ടു പോയിക്കൊണ്ടിരുന്നു. 1984 ൽ ബാങ്കിന്റെ അവസാനത്തെ ചെയർമാനായ ശ്രീ. യു. ജെ. തരിയനും റിസർവ് ബാങ്കിന്റെ നിർദ്ദേശാനുസരണം സ്ഥാനത്യാഗം ചെയ്യേണ്ടി വന്നു. ഡയറക്ടർ ബോർഡിന്റെ ആവശ്യപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോമിനയായി ശ്രീ. പി. ഐ. ജോൺ അവറുകൾ ചെയർമാന്റെ സ്ഥാനത്ത്ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(OSD) എന്ന പേരിൽ നിയമിതിനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലും ബാങ്കിന് അധികകാലം മുന്നോട്ടു പോകാനായില്ല.
1985- APRIL 27.
അതൊരു ശനിയാഴ്ച ആയിരുന്നു. ബാങ്ക് ഓഫ് കൊച്ചിനെ സംബന്ധിച്ചിടത്തോളം ഒരു ദുഃഖ ശനി. 12 മണിക്ക് ഇടപാടുകാരുടെ ഇടപാടുകൾ എല്ലാം അവസാനിപ്പിച്ച് ജോലിക്കാർ മറ്റ് ജോലികൾ തീർത്ത് വീടുകളിലേക്ക് മടങ്ങാനുള്ള തിരക്കുകളി ലായിരുന്നു. ഈ സമയം കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ബാങ്കിന്റെ ഹെഡ് ഓഫീസിലും, 108 ശാഖകളിലും ടെലക്സ്, ടെലഗ്രാം മെസ്സേജുകളിലൂടെ മൊറോട്ടോറിയം പ്രഖ്യാപിച്ചതായി അറിയിച്ചു. എറണാകുളത്തെ ഹെഡ് ഓഫീസിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ നേരിട്ടെത്തി മൊറോട്ടോറിയം പ്രഖ്യാപിച്ച കത്ത് കൈമാറി. നാലുമാസത്തെ മൊറോട്ടോറിയത്തിന് ശേഷം ബാങ്ക് ഓഫ് കൊച്ചിനെ സിൻഡിക്കേറ്റ് ബാങ്കിൽ ലയിപ്പിക്കും എന്നായിരുന്നു ആദ്യത്തെ പ്രചരണം.
ആശങ്കയിലും, ആകുലതയിലുമായ ഇടപാടുകാരും, ജീവനക്കാരും നെട്ടോട്ടമോടിയ സമയമായിരുന്നു ഇത്.ഈ കാലയളവിൽ 2500/-ഒരു രൂപ വരെയുള്ള ഇടപാടുകൾ നടത്തുവാൻ മാത്രമേ നിക്ഷേപകരെ അനുവദിച്ചിരുന്നുള്ളൂ. നാലുമാസത്തിനുള്ളിൽ ബാങ്കിന്റെ ആസ്തി- ബാധ്യതകൾ പരിശോധിച്ച് തുടർനടപടികൾ അറിയിക്കുമെന്നും റിസർവ്ബാങ്ക് അറിയിച്ചു. മുൻ ബാലൻസ് ഷീറ്റ് അനുസരിച്ച് ബാങ്കിൽ 92 കോടി രൂപയുടെ നിക്ഷേപമുണ്ട്. 52 കോടി രൂപ വായ്പ ഇനത്തിൽ നൽകിയിട്ടുള്ളതിന് പുറമേ ഗവൺമെന്റ് സെക്യൂരിറ്റികളിലും ബാങ്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ ബാങ്കിന് സ്വന്തമായി സ്ഥലവും, കെട്ടിടങ്ങളും ഉണ്ട്. ബാങ്കിന് ഷണ്മുഖം റോഡിലെ 12 നില കെട്ടിടം, കൂടാതെ ബ്രോഡ് വേ , വില്ലിങ്ടൺ ഐലൻഡ്, ഇരിങ്ങാലക്കുട, ഏലപ്പാറ, മൂന്നാർ എന്നീ ശാഖകൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.
ഇതിനിടയിൽ ബാങ്കിന്റെ ലയനം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് INTUC യൂണിയനിൽ അഫിലിയേറ്റ് ചെയ്ത കൊച്ചിൻ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ അന്നത്തെ ജനറൽ സെക്രട്ടറി അടുത്തകാലത്ത് നിര്യാതനായ ശ്രീ. ചാക്കോച്ചൻ.പി. തയ്യി ലിന്റെ നേതൃത്വത്തിൽ സമരപരിപാടികൾ ആരംഭിച്ചു. കേന്ദ്രസർക്കാർ മിണ്ടാ നയവുമായി മുന്നോട്ടു പോയപ്പോൾ ശ്രീ. ചാക്കോച്ചൻ നിരാഹാര സത്യാഗ്രഹത്തിലേക്ക് പ്രവേശിച്ചു. കേരള രാഷ്ട്രീയത്തിലെ പ്രമുഖരായ നേതാക്കളെല്ലാം സമരപ്പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിക്കുകയും, പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റും, അന്നത്തെ ധനകാര്യ മന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻചാണ്ടിയുടെ ഇടപെടലുകളും,കേരള സർക്കാരിന്റെ പ്രത്യേക സമ്മർദ്ദത്തിനും വഴങ്ങി ലോകം അറിയുന്ന കൊച്ചി നഗരത്തിൽ ആരംഭിച്ച ബാങ്ക് ഓഫ് കൊച്ചിൻ എന്ന പേര് മായിക്കപ്പെട്ടു.
1985 ഓഗസ്റ്റ് 26 തിങ്കൾ.
അതൊരു നല്ല തിങ്കളാഴ്ചയായിരുന്നു.
ലോകത്തിലെ മുൻനിര ബാങ്കും, ഭരത സർക്കാരിന്റെ ബാങ്കുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബാങ്ക് ഓഫ് കൊച്ചിൻ ലയിപ്പിച്ച സുദിനം. ലയന വിവരമറിഞ്ഞ് അനിശ്ചിതകാല നിരാഹാരത്തിൽ ക്ഷീണിതനായിരുന്ന ശ്രീ. ചാക്കോച്ചൻ പി. തയ്യിൽ 14 ദിവസത്തെ തന്റെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. ചാക്കോച്ചൻ പി. തയ്യിൽ എന്ന പേരു കൂടി ബാങ്ക് ഓഫ് കൊച്ചിന്റെ ചരിത്ര രേഖകളിൽ തങ്കലിപികളാൽ എഴുതിയാൽ ബാങ്ക് ഓഫ് കൊച്ചിന്റെ ചരിത്രം ഇവിടെ അവസാനിക്കുമെന്ന് ഈ എളിയവന് തോന്നുന്നു.
ഏറ്റവും സ്നേഹത്തോടെ,
കുമ്പളം ചാക്കോ.
09.07.2025
📞 9497019357
No comments:
Post a Comment