Popular Posts

Powered By Blogger

Popular Posts

Popular Posts

Powered By Blogger

Total Pageviews

Popular Posts

Popular Posts

Translate

Monday, August 13, 2018

DAVID SOLOMON GEORGE and AKKI in CHINA

ഗവൺമെന്റ് സ്കൂളും കോൺവന്റ് സ്കൂളും


നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ് എന്ന ഒരു ഭാഷ പഠിക്കുവാനുണ്ട് എന്ന കാര്യം ആദ്യമായി ഞാൻ മനസ്സിലാക്കുന്നത്. കൊല്ല പരീക്ഷയ്ക്ക് ആംഗലേയത്തിന് പരീക്ഷയുമുണ്ട് - നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ സിലബസ്സിൽ. ഭയാനകമായ പരീക്ഷയൊന്നുമല്ല, വെറും വാച്യം.  അങ്ങനെ ഞാൻ പഠിച്ചിരുന്ന കുതിരച്ചിറ മോഡൽ എൽ. പി. എസ്സിൽ വച്ച് ആദ്യമായി ഞാൻ ഇംഗ്ലീഷിൽ വിക്കി വിക്കി മൊഴിഞ്ഞു.
 "ദിസ് ഈസ് എ ബോൾ ".
ഒരു പന്ത് കാട്ടി "വാട്ടീസ് ദിസ് ? "
എന്ന് ശീമോനി ടീച്ചർ ചോദിച്ചതിനു മറുപടിയായിരുന്നു അത്. പന്തെന്നാൽ ബോൾ എന്നും പുസ്തകം എന്നാൽ ബുക്ക് എന്നും പറയുവാൻ അറിയുന്നവൻ ഇംഗ്ലീഷിൽ രാജാവ്.
"വാട്ടീസ് യുവർ നെയിം ? "
എന്ന ചോദ്യത്തിനു ശരിയായ ഉത്തരവും കൂടി പറഞ്ഞാൽ വിജയശ്രീലാളിതനായി....
ഇംഗ്ലീഷ് അക്ഷരങ്ങൾ പോലും പഠിച്ചു തുടങ്ങിയതു പിന്നീടാണ്. ആഗോള ഭാഷയായ ഇംഗ്ലീഷിൽ പ്രാവീണ്യം നേടുക എന്നത് ഒരു ശരാശരി പൊതു വിദ്യാഭ്യാസ മലയാളിയ്ക്ക് അന്ന് ഒരു വെല്ലുവിളി തന്നെയായിരുന്നു.

ഇതിനു നേരെ വിപരീതമാണ് എന്റെ ഭാര്യ അക്കിയുടെ അവസ്ഥ. പ്ലേ ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയത്തിൽ. ഒന്നാം ക്ലാസ്സ് മുതൽ തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവന്റ് സ്കൂളിൽ. അക്കാലത്ത് എല്ലാ വർഷവും എസ് എസ് എൽ സി റാങ്ക് വാങ്ങുന്ന സ്കൂൾ. ചുരുക്കി പറഞ്ഞാൽ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു 'സിറ്റി ബ്രെഡ് '. ഇതെല്ലാം ചരിത്രം. ഇനി കഥയിലേയ്ക്കു വ.രട്ടെ..

2012 മെയ് മാസത്തിലാണ് ഞങ്ങൾ രണ്ടു പേരും കൂടി ചൈനയിൽ പോയത്. എമ്മിയെയും രണ്ടര വയസുള്ള മാത്തുക്കുട്ടിയേയും തിരുവനന്തപുരത്ത് അമ്മച്ചിയെ ഏല്പിച്ചിട്ടായിരുന്നു യാത്ര.

"ഇംഗ്ലീഷ് പരിജ്ഞാനവും ചൈനയും  തമ്മിൽ എന്തു ബന്ധം?" എന്ന് ഇപ്പോൾ ആർക്കെങ്കിലും ചോദിക്കുവാൻ തോന്നിയാൽ
"ദയവായി ക്ഷമയോടെ മുഴുവൻ വായിക്കൂ" എന്നു മാത്രമേ ഇപ്പോൾ പറയുവാൻ സാധിക്കുന്നുള്ളൂ.

 IEEE യുടെ ISIE എന്ന കോൺഫ്രൻസ് ആ വർഷം അതിഥേയം വഹിച്ചത് ചൈനയിലെ ഹാൻഷൗ എന്ന നഗരമാണ്. അതിൽ റിസർച്ച് പേപ്പർ അവതരിപ്പിക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. ഹാൻഷൗ എന്നത് അത്ര വലിയ പട്ടണമൊന്നുമല്ല. അതു കൊണ്ടു തന്നെ അധികം വിദേശികൾ സാധാരണയായി വരുന്ന ഒരു സ്ഥലവുമല്ല. ലാന്റ് ചെയ്തപ്പോൾ തന്നെ, ഇംഗ്ലീഷ് കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല എന്നു മനസ്സിലായി. നിമിത്തമായത് വിമാനത്താവളത്തിലെ കോഫീ ഷോപ്പുകാരനും ടാക്സിക്കാരനും. ഹോട്ടലിലെ അനുഭവവും വ്യത്യസ്ഥമല്ല. അതു വിശദമായി പിന്നീട്...

നാട്ടിൽ നിന്നു പുറപ്പെട്ടപ്പോൾ തന്നെ HDFC യുടെ ഒരു ഇന്റർനാഷണൽ കാർഡ് സംഘടിപ്പിച്ചിരുന്നു. അക്കിയുടെ കസിൻ ആണ് മാനേജർ അനൂപ്.
" അച്ചായാ ഈ കാർഡുണ്ടെങ്കിൽ മണി എക്സ്ചേഞ്ചിനൊന്നും മിനക്കെടേണ്ട, ചൈനയിലെ എ ടി എം ൽ നിന്ന് നേരിട്ടു യുവാൻ എടുക്കാം." അനൂപിന്റെ വാക്ക് കേട്ട് ഞങ്ങൾ ആഹ്ലാദ പുളകിതരായി.

ഹോട്ടലിലെ രാത്രി വിശ്രമത്തിനു ശേഷം രാവിലെ തന്നെ എടിഎം തേടി പുറത്തിറങ്ങി. പോക്കറ്റിൽ കാശില്ലാത്തതിനാൽ ഏതോ ഒരു മനഃസമാധാന ക്കുറവ് പോലെ... ഹോട്ടലിനോട് ചേർന്നു തന്നെ ഒരു ബാങ്കും എ ടി എം യന്ത്രവും. യന്ത്രത്തിന്റെ കെട്ടും മട്ടും ഭാവവുമെല്ലാം നാട്ടിലെപ്പോലെ തന്നെ. യുവാൻ എടുക്കുവാനായി ഓങ്ങിയതാണ്. പെട്ടെന്ന് സംശയങ്ങളുടെ ഒരു വേലിയേറ്റം. എ ടി എം മെഷീൻ നമ്മുടെ കാർഡങ്ങു വിഴുങ്ങിയാലോ? എഴുതിക്കാണിക്കുന്നത് ചൈനീസ് ഭാഷയാണെങ്കിൽ എന്തു ചെയ്യും? ഇനി കയ്യിൽ ഇരിക്കുന്ന കാർഡ് ഇൻവാലിഡ് ആയാൽ എന്താകും ചൈനീസ് ഭവിഷ്യത്ത്? ആകെക്കൂടെ ഒരു അങ്കലാപ്പ്. അവസാനം ബാങ്കിൽ കയറി കാര്യം പറഞ്ഞു മനസിലാക്കി അവരുടെ സാനിധ്യത്തിൽ കാശ്  എടുക്കാം എന്നു തീരുമാനിച്ചു. സെക്യൂരിറ്റിക്കാരനോട് ഇന്ത്യ, ഇംഗ്ലീഷ് എന്നെല്ലാം വിളിച്ചു പറഞ്ഞതിന്റെ ഫലമായി ഞങ്ങളെ ബാങ്കിന്റെ ഉള്ളിലേയ്ക്ക് ആനയിച്ചു. സെക്യൂരിറ്റിക്കാരന് ഇംഗ്ലീഷ് അറിയണം എന്ന് പ്രതീക്ഷിക്കുവാൻ ആവില്ലല്ലോ?ഞങ്ങൾ ചൈനാക്കാർ അല്ല എന്നും ചൈനീസ് ഞങ്ങൾക്കു വശമില്ല എന്നും അദ്ദേഹത്തിനു മനസ്സിലായി. തീർച്ച. അതുകൊണ്ടാണല്ലോ ഞങ്ങളെ ആ ബാങ്കിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥയുടെ മുന്നിൽ എത്തിച്ചത്. ഒരു പക്ഷേ ബാങ്കിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് അറിയാവുന്ന ആൾ ആയിരിക്കാം ആ മാന്യ വനിത.

ഇംഗ്ലീഷ് മനസിലാകുമോ എന്ന ചോദ്യത്തിന് അവർ യെസ് എന്നു മറുപടി പറഞ്ഞു. അതോടെ ഹോളി ഏഞ്ചൽസ് ഒരടി മുന്നോട്ടും കുതിരച്ചിറ എൽ പി എസ് ഒരടി പിന്നോട്ടും നീങ്ങി. ഞങ്ങളുടെ ന്യായമായ സംശയങ്ങളുടെ അനർഗളമായ പ്രവാഹമായിരുന്നു പിന്നീട്. ശുദ്ധമായ കോൺവന്റ് ആംഗലേയത്തിൽ. ആ വാഗ്ദ്ധോരണിയുടെ അന്ത്യത്തിൽ നിർവികാരമായ ഒരു മൃദു സ്വരം ഞങ്ങളുടെ കർണ്ണങ്ങളിൽ പതിച്ചു.
" ക്യാൻ യു സ്പീക്ക് ഇൻ ഇംഗ്ലീഷ്? " അജ്ഞാതമായ ഏതോ ഒരു ഭാഷയിൽ എന്തോ അരുതാത്തത് കേൾക്കേണ്ടി വന്നതിന്റെ ദയനീയത ആ ചൈനീസ് വനിതയുടെ മുഖത്തു ദൃശ്യമായിരുന്നു. ചുറ്റുമുള്ളവർ ഞങ്ങളെ അഭ്ഭുതത്തോടെ നോക്കുന്നു. ഞങ്ങൾ ഇടിവെട്ട് ഏറ്റതു പോലെ നിന്നു പോയി.

നന്ദി അനൂപ്... നന്ദി...

ഭാഷ എന്നത് ആശയ വിനിമയത്തിനാണ് എന്ന തത്വം അവിടെ നിൽക്കട്ടെ. ഞങ്ങൾക്കു വേണ്ടത് കാശാണ്. പിന്നീടങ്ങോട്ടു നടന്നത് കഥകളി, ചാക്യാർകൂത്ത് വിദ്വാന്മാരെ തോല്പിക്കുന്ന പ്രകടനമായിരുന്നു. കലാമണ്ഡലത്തിന്റെ നാട്ടിൽ നിന്നു വന്ന നമ്മളോടാണ് ചൈനാക്കാരന്റെ കളി !! ആംഗ്യ ഭാഷയുടെ ഇടയിൽ ഇടയ്ക്കിടയ്ക്ക് ഇന്ത്യ,  കാർഡ്, എ ടി എം, മണി തുടങ്ങിയ കടുപ്പമുള്ള അംഗലേയ വാക്കുകൾ ഉരുവിട്ടു. നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് പരീക്ഷയ്ക്കു പോലും ഇത്രയും വിക്കിയിട്ടില്ല. ഏതായാലും സംഗതി ഏറ്റു. മാനേജരും പരിവാരങ്ങളും ഞങ്ങളെ എറ്റിഎം മെഷീനിലേയ്ക്ക് അനയിച്ചു. കാർഡ് ഇട്ടു,
പിൻ അടിച്ചു.
പിടയ്ക്കുന്ന യുവാൻ പുറത്തു ചാടി.
കഠിന പ്രയത്നത്തിന്റെ ഒടുവിൽ ഞങ്ങൾ ആഹ്ളാദത്താൽ ആനന്ദാശ്രു പൊഴിച്ചു.
ആനന്ദനൃത്തം ചെയ്തു. വല്ലവന്റെയും നാടല്ലേ.. എന്തുമാകാല്ലോ..

നന്ദി അനൂപ്... ശരിക്കും നന്ദി

അല്ല ഞാനൊന്നു ചോദിയ്ക്കട്ടെ...

ഇംഗ്ലീഷ് അറിയുന്നവർക്കെന്താണ് ചൈനയിൽ കാര്യം??

Composed by David Solomon George

No comments: